Breaking News
Home / Articles / ആ തീരുമാനങ്ങള്‍ വിലമതിക്കാനാവാത്തത്

ആ തീരുമാനങ്ങള്‍ വിലമതിക്കാനാവാത്തത്

ആ തീരുമാനങ്ങള്‍ വിലമതിക്കാനാവാത്തത്
By ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ
സൈദ്ബിനു അര്‍ഖം (റ) പറഞ്ഞു. നബി (സ) ഞങ്ങളെ ഉപദേശിച്ചു. ഞാന്‍ നിങ്ങള്‍ക്ക് അമൂല്യമായ രണ്ട് സംഗതികളെ ഉപേക്ഷിച്ചിട്ട് പോകുന്നു. ഒന്നു ഖുര്‍ആനും മറ്റൊന്ന് എന്റെ അഹ്ലുല്‍ ബൈത്തും ആകുന്നു (മുസ്ലിം).

പ്രവാചകര്‍ക്ക് ശേഷം ജീവിക്കുന്ന മുസ്ലിംകള്‍ അവലംബിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളെയാണ് ഈ ഹദീസ് പരിചയപ്പെടുത്തുന്നത്. മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാത്ത വിധം ഖുര്‍ആന്‍ ഇവിടെയുണ്ട്. ആര്‍ക്കും അതില്‍ സംശയമില്ല. അതെസമയം സയ്യിദ് കുടുംബം ധാരാളമുണ്ട്.

തിരുമേനി (സ)യുടെ സന്താന പരമ്പരയിലെ 39ാമത്തെ കണ്ണിയാണ് മുഹമ്മദലി ശിഹാബ്തങ്ങള്‍. ഹുസൈന്‍ (റ)വിലേക്ക് എത്തിച്ചേരുന്ന ഇവര്‍ അഷ്റാഫ് വിഭാഗത്തിലാണ് ഉള്‍പ്പെടുക. അഥവാ ഏറ്റവും ഉന്നതരായ വിഭാഗം. ഇതിനാലാണ് കേരളീയ മുസ്ലിംകള്‍ പാണക്കാട് സയ്യിദ് കുടുംബത്തെ പ്രധാന അഭയകേന്ദ്രമായി കാണുന്നത്.

മുസ്ലിം കേരളത്തിന്റെ വൈജ്ഞാനിക – ആത്മീയ – രാഷ്ട്രീയ നവോത്ഥാന യാത്രയില്‍ പ്രധാനപങ്ക് വഹിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പലപ്പോഴും എന്നെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ജ്വലിക്കുന്ന ധാരാളം പേരെ നാം കണ്ടിട്ടുണ്ട്. അതെസമയം രാഷ്ട്രീയവും ആത്മീയവും ഒരുപോലെ കൊണ്ടുനടക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സജീവമായി ഇടപെട്ടപ്പോഴും അദ്ദേഹത്തിന്റെ തൂവെള്ള വസ്ത്രത്തില്‍ ഒരുതുള്ളി ചെളിയും തെറിച്ചില്ല.
രാഷ്ട്രീയ താല്‍പ്പര്യം കൊണ്ടോ, അല്‍പ്പജ്ഞാനികളായോ പലരും തങ്ങളെ രാഷ്ട്രീയത്തിന്റെ തൂണില്‍ കെട്ടിയിടാന്‍ ശ്രമിച്ചു. പക്ഷെ പ്രസംഗിച്ചവരും എഴുതിയവരും യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ തലകുനിച്ചു.
കൊടപ്പനക്കല്‍ വസതിയിലേക്ക് തങ്ങളെത്തേടിയെത്തുന്ന ആയിരക്കണക്കിനാളുകള്‍, പള്ളി ഉദ്ഘാടനം, മദ്രസ ശിലാസ്ഥാപനം, പ്രാര്‍ത്ഥനാസദസ് തുടങ്ങി വിവാഹ കാര്‍മികത്വത്തിനുവരെ തങ്ങളെ ക്ഷണിക്കാന്‍ എത്തുന്നവര്‍ ആത്മീയാനൂഭിതയാണ് ലക്ഷ്യം വെക്കുന്നത്. തങ്ങള്‍ കേവലം രാഷ്ട്രീയ നേതാവായിരുന്നെങ്കില്‍ നൂറ് കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം എങ്ങനെ തങ്ങള്‍ക്ക് ലഭിക്കും? തങ്ങളുടെ വഫാത്തിന് ശേഷം ഇവിടത്തെ സാമൂഹിക – സാംസ്ക്കാരിക – രാഷ്ട്രീയ നായകരടക്കം അനുസ്മരിച്ചതില്‍ ഊന്നിപ്പറഞ്ഞത് തങ്ങളുടെ സൌമ്യതയും വ്യക്തിവിശുദ്ധിയുമാണ്. ആത്മീയതയുടെ ഭാഹ്യലക്ഷണങ്ങളാണിതൊക്കെ.
സമസ്തയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അഹ്‌ലുബൈത്ത്‌ പ്രധാന പങ്കുവഹിച്ചു. ഇവരെ കൊച്ചാക്കുവാനും തള്ളിപ്പറയാനും മുന്നോട്ടു വന്നവരെ സമസ്ത ആദര്‍ശപരമായി തന്നെ നേരിട്ടു.
പൂക്കോയതങ്ങളുടെ കാലംമുതലെ സമസ്തക്കെതിരെ വന്നവരെ എതിരിടാന്‍ കൊടപ്പനക്കല്‍ കുടുംബം തയ്യാറായി. അഖില കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ ഉറച്ച നിലപാടെടുത്ത പൂക്കോയ തങ്ങളുടെ മാതൃക തന്നെയാണ് മുഹമ്മദലി ശിഹാബ് തങ്ങളും പിന്തുടര്‍ന്നത്. മതസംഘടനകള്‍ ധാരാളമുണ്ടായിട്ടും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് തങ്ങള്‍ പങ്കെടുത്തത്. അതിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതും.
പലരും തങ്ങളെയൊന്ന് കിട്ടാന്‍ പതിനെട്ടടവും പയറ്റി നിരാശരായപ്പോള്‍ തങ്ങളോടൊപ്പമിരുന്ന് ഫോട്ടോയെടുത്ത് ആനന്ദിച്ചു. ഔദ്യോഗിക ഭാരവാഹിയൊന്നുമല്ലാതിരുന്നിട്ടും തങ്ങളുടെ തീരുമാനങ്ങളെയും ആശീര്‍വാദങ്ങളെയും സമസ്ത പൊന്നുപോലെ നോക്കിക്കണ്ടു. സമസ്തയില്‍ നിന്ന് ഇറങ്ങിപ്പോയവരുടെ തിരിച്ചുവരവിന് നിബന്ധനയായി മര്‍ഹൂം ശംസുല്‍ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുക എന്നതായിരുന്നു.
ചുരുക്കത്തില്‍ മുസ്ലിം കേരളത്തിന്റെ ആത്മീയ സംഘടന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വളരേണ്ടതിന്റെ അനിവാര്യത ദീര്‍ഘദൃഷ്ടിയോടെ കണ്ട മഹാനായിരുന്നു തങ്ങള്‍. മാസമുറപ്പിക്കുന്ന വിഷയത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യും. പലമഹല്ലുകളില പ്രശ്നങ്ങളുടെയും നിജസ്ഥിതി അറിയാന്‍ തങ്ങള്‍ എന്റടുത്തേക്ക് ആളെ അയച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആദരവിന്റെ – സ്നേഹത്തിന്റെ അനിര്‍വ്വചനീയ അടുപ്പമുണ്ടായിരുന്നു.
ഈ അവസരത്തില്‍ ഒരുകാര്യം കൂടെ കുറിക്കട്ടെ. ജീവിത കാലത്ത് തങ്ങളുടെ നിലപാടുകളെയും ആത്മീയതയേയും ചോദ്യം ചെയ്തവരും പരിഹസിച്ചവരും ഇപ്പോള്‍ കണ്ണീരൊഴിക്കുന്നത് എന്തിനാണ്? തങ്ങളുടെ നിലപാടുകള്‍ സത്യമായിരുന്നുവെന്ന് ഈ ജനസമൂഹം വിളിച്ച് പറയുന്നു. തകര്‍ന്നടിഞ്ഞത് വിമര്‍ശകരുടെ പൊയ്മുഖമാണ്.
തങ്ങളോട്കൂടെ നമ്മെയും നാഥന്‍ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ. ആമീന്‍.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍