Breaking News
Home / Articles / ഹൃദയം തുറന്ന് ശിഹാബ് തങ്ങളുമായി അഭിമുഖം

ഹൃദയം തുറന്ന് ശിഹാബ് തങ്ങളുമായി അഭിമുഖം

മസാന്‍ 17 . പുണ്യമാസത്തിലെ പ്രാധാന്യമേറിയ ദിവസമായ ബദര്‍ ദിനം. ഇസ്ലാമിക
ചരിത്രത്തിലെ നാഴികകല്ലായ ബദര്‍ യുദ്ധത്തിന്റെ സ്മരണയില്‍ ലയിച്ച്‌ ദിവ്യാനുഭൂതി
നുകരുകയായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മൌനം ഭജ്ഞിച്ചത്‌
എന്റെ സന്ദര്‍ശനമാണ്‌. കുശലാന്വേഷണങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ പുണ്യകാലത്തിന്റെ
ധന്യസ്മരണകളിലേക്ക്‌ നടന്നു. ഞാന്‍ കാര്യം പറഞ്ഞു. വിശുദ്ധ മാസവുമായി ബന്ധപ്പെട്ട
താങ്കളുടെ ഓര്‍മകളും അനുഭവങ്ങളും ധാരാളം. 72 വയസ്സ്‌ പിന്നിട്ട താങ്കള്‍ക്ക്‌ ആറു
പതിറ്റാണ്ടുകളുടെ ഓര്‍മകളെങ്കിലും മനസ്സിലുണ്ടാവും. വളരെ സന്തോഷത്തോടെ ശിഹാബ്‌
തങ്ങള്‍ പ്രതികരിച്ചു തുടങ്ങി. റമസാനും ഖുര്‍ആനുമായി ഞങ്ങളുടെ ചര്‍ച്ച രണ്ടു
മണിക്കൂറിലേറെ നീണ്ടു.

 • കുട്ടിക്കാലത്തെ റമസാന്‍ അനുഭവങ്ങള്‍ ?

വൈകിട്ട്‌ നാലു മണിക്ക്‌ കഴിഞ്ഞാല്‍ ബാപ്പയുടെ കൂടെ പുറത്തെ ഗേറ്റിനു സമീപം നില്‍ക്കും.
റോഡിലൂടെ പോകുന്ന പരിചയക്കാരുമായി ബാപ്പ സംസാരിക്കും. കുടുംബത്തിലെ കാരണവരായ ,
ബാപ്പയുടെ ജ്യേഷ്ടന്‍ പുത്തന്‍പുരക്കല്‍ ആറ്റകോയ തങ്ങളെ ബാപ്പ വീട്ടിലേക്ക്‌ നോമ്പു
തുറക്ക്‌ ക്ഷണിക്കും. അദ്ധേഹത്തോടപ്പം നോമ്പ്‌ തുറക്കുന്നത്‌ നല്ലൊരനുഭവമാണ്‌.
അദ്ധേഹത്തിന്റെ ഗംഭീര വ്യക്തിത്വം എന്നെ ആകര്‍ഷിച്ചിരുന്നു. വീട്ടില്‍ നോമ്പ്‌
തുറക്ക്‌ എപ്പോഴും എട്ടോ പത്തോ ആളുകള്‍ കാണും. പത്തിരി , ഇറച്ചിക്കറി, തരിക്കഞ്ഞി
തുടങ്ങിയ വിഭവങ്ങളായിരുന്നു അന്നും.. നോമ്പ്‌ തുറന്ന്‌ അല്‍പ സമയം കഴിഞ്ഞാല്‍
പള്ളിയില്‍ പോവും. ഇശാ നമസ്കാരത്തിനു മുമ്പുള്ള ഹദ്ദാദില്‍ സ്ഥിരമായി പങ്കെടുക്കും.
പിന്നെ തറാവീഹും മറ്റും കഴിഞ്ഞാണ്‌ മടക്കം. അന്ന്‌ ഈ ഭാഗത്ത്‌ വൈദ്യുതി
എത്തിയിട്ടില്ല.. രാത്രി മൂന്ന്‌ മണിയോടെ അത്താഴം കഴിക്കും.

 

 • അറബിയിലെ ആദ്യാക്ഷരമായ അലിഫ്‌ ആരില്‍ നിന്നാണ്‌ പഠിച്ചത്‌. ?

പാണക്കാട്‌ ദേവദാര്‍ സ്കൂളില്‍ പ്രാധാനാധ്യാപകനായിരുന്ന കുഞ്ഞഹമ്മദ്‌ മൊല്ലയില്‍
നിന്ന്‌. അലിഫും ഓത്തും മലയാളവും അദ്ധേഹമാണ്‌ പഠിപ്പിച്ചത്‌. അന്നു മദ്രസ്സയില്ല.
ഓത്തുപള്ളിയായിരുന്നു.

 

 • ചെറുപ്പത്തില്‍ നോമ്പെടുക്കാന്‍ പ്രോത്സാഹനം നല്‍കിയവര്‍ ?

ഉമ്മയും അമ്മായിയും.

 

 • റമസാനില്‍ കൂടുതല്‍ ഇഷ്ടമുള്ള ആരാധനകള്‍ ?
  സംശയമില്ല. തറാവീഹ്‌ നമസ്കാരം. അതില്‍ പങ്കെടുക്കുമ്പോഴാണ്‌ റമസാന്‌ പൂര്‍ണ്ണത

വരുന്നത്‌. അതിലെ ദിക്‌റുകളും പ്രാര്‍ഥനകളും എല്ലാവരും കൂടിയിരുന്നു ചൊല്ലുമ്പോള്‍
നല്ലൊരു ആത്മീയാന്തരീക്ഷം കൈവരികയും തിന്‍മകളില്‍ നിന്ന്‌ ശുദ്ധീകരിക്കപ്പെടുന്നതായി
നമുക്കനുഭവപ്പെടുകയും ചെയ്യുന്നു.

 

 • ഖുര്‍ആന്‍ പാരായണത്തിനു പ്രത്യേക സമയമുണ്ടോ ?

വെളുപ്പിന്‌ സുബഹ്‌ നിസ്കാരം കഴിഞ്ഞ ഉടനെയുള്ള ഖുര്‍ആന്‍ പാരായണം ആത്മ സംതൃപ്തി
പകരുന്നതാണ്‌. ജീവിതത്തിലെ ഐശ്വര്യത്തിനും ആത്മ ധൈര്യത്തിനും അത്‌ നിമിത്തമാകും.
താന്‍ അള്ളാഹുവിന്റെ പൂര്‍ണ്ണ സംരക്ഷണത്തിലാണെന്ന വിശ്വാസം മനുഷ്യനില്‍ അത്‌
സൃഷ്ടിക്കും.

 

 • ഖുര്‍ആനില്‍ ഏതെങ്കിലും പ്രത്യേക അധ്യായത്തോട്‌ ആഭിമുഖ്യം തോന്നിയിട്ടുണ്ടോ?
  ചെറുപ്പം തൊട്ടേ അര്‍റഹ്മാന്‍ സൂറത്ത്‌ ഇഷ്ടമാണ്‌. ഇപ്പോഴും അത്‌ തുടരുന്നു.
   
 • പ്രധാന യാത്രകള്‍ക്കൊരുങ്ങുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തറുണ്ടോ ?

ഉണ്ട്‌. മാതാപിതാക്കളുടെയും അവരുടെ പൂര്‍വികരുടെയും പരലോക ഗുണത്തിനു പ്രാര്‍ത്ഥിച്ച്‌
അവരുടെ അനുഗ്രഹം തേടും. എപ്പോഴും എനിക്കുള്ള കാവല്‍ അതാണ്‌.

 

 • ഈജിപ്തിലെ പഠനകാലത്തെ റമസാന്‍ അനുഭവങ്ങള്‍ ?

പഠന സമയത്തില്‍ മാറ്റം വരുമെന്നൊഴിച്ചാല്‍ അല്‍ അസ്‌ഹര്‍ സര്‍വ്വകലാശാലയില്‍ റമസാന്‍
ഒഴിവു കാലമല്ല. അവിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ഹോസ്റ്റലുണ്ട്‌. 20
ബ്ലോക്കുകള്‍ ചേര്‍ന്ന ആ കോമ്പൌണ്ടിന്‌ മദീനത്തുല്‍ ബുഊസ്‌ എന്നു പറയുന്നു. അവിടെ
വിവിധ സംസ്കാരങ്ങളൂടെ ഒത്തുചേരലാണ്‌ റമസാനിന്റെ പ്രത്യേകത. കൈറൊ നഗരം റമസാനെ ശരിക്കും ആസ്വദിക്കും. തറാവീഹും പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവുമെല്ലാം ചേര്‍ന്ന്‌ നഗരം
ആത്മീയ തലത്തിലേക്കുയരും. ജനങ്ങള്‍ വളരെ വൈകിയേ ഉറങ്ങൂ. പുസ്തക മേളകളും
പലഹാരക്കച്ചവടവും സജീവമായിരിക്കും. തറാവീഹിനു ശേഷം പല സ്ഥലങ്ങളിലും ഭക്‌തിഗാന (ഖസീദ:) സദസ്സുകള്‍ കാണാം. ആസ്വദിക്കാന്‍ ധാരാളം ആളുകള്‍ കൂടും. ചെറിയ കുട്ടികള്‍ റാന്തല്‍ പോലുള്ള വിളക്കുകളുമായി യാ റമസാന്‍ എന്നും മുതിര്‍ന്നവര്‍ റമസാന്‍ കരീം എന്നും ഉച്ചത്തില്‍ വിളിച്ച്‌ റോഡിലൂടെ നടക്കും. രാത്രി രണ്ട്‌ മണി കഴിഞ്ഞാല്‍ ദഫ്‌ പോലുള്ള ഉപകരണത്തില്‍ മുട്ടി അത്താഴസമയം അറിയിക്കുന്ന മുസഹ്ഹറാത്തി സംഘത്തെയും കാണാം.

 

 • അവിടെ തറാവീഹില്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായാണം ചെയ്യാറുണ്ടോ ?

ഉണ്ട്‌. ഖുര്‍ആന്‍ മന:പ്പാടമാക്കിയ ഹാഫിസുകള്‍ അവിടെ ധാരാളമുണ്ട്‌. ഞാന്‍ സ്ഥിരമായി
നമസ്കരിക്കല്‍ രണ്ടു പള്ളികളില്‍ നിന്നാണ്‌. ഒന്ന്‌ – ജാമിഉല്‍ അസ്‌ഹര്‍
, രണ്ട്‌ -മസ്ജിദു സയ്യിദുനാ ഹുസൈന്‍. നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അത്തറും തസ്ബീഹ്‌
മാലയും തൊപ്പിയും മറ്റും വില്‍ക്കുന്നവര്‍ പള്ളിക്ക്‌ സമീപത്തുണ്ടാവും.

 

 • കൂടുതല്‍ ഇഷ്ടപ്പെട്ട ഖുര്‍ആന്‍ തഫ്സ്സീര്‍ ?

ഇമാം സമഖ്ശരിയുടെ കശ്ശാഫ്‌

 

 • മറ്റ്‌ ഖുര്‍ആന്‍ പരിഭാഷകള്‍ ?
  അറബി നന്നായി അറിയുന്നത്‌ കൊണ്ട്‌ പരിഭാഷയോട്‌ താല്‍പര്യമില്ല.
   
 • ജീവിതത്തില്‍ കണ്ടു മുട്ടിയ മികച്ച ഖുര്‍ആന്‍ പണ്ഡിതന്‍ ?
  രണ്ടു പേരുണ്ട്‌. അബൂ സഹ്‌റയും ഡോ. ബഹിയും .ഏതു സങ്കീര്‍ണ വിഷയവും ഖുര്‍ആന്‍
  വാക്യങ്ങളൂടെ പിന്‍ബലത്തില്‍ യുക്തമായി സമര്‍ത്ഥിക്കുന്ന അബൂ സഹ്‌റയുടെ ഖുര്‍ആന്‍
  പാണ്ഡിത്യം അത്ഭുതാവഹമാണ്‌. അസ്‌ഹറില്‍ പ്രഫസറായിരുന്ന അദ്ധേഹം ശരീഅത്ത്‌
  വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്‌. പഴയ അറേബ്യന്‍ വേഷവും ലളിത ജിവിതവും
  അദ്ധേഹത്തിന്റെ മുഖമുദ്രയായിരുന്നു.
  മറ്റൊരാള്‍ ഡോ. ബഹി. ജര്‍മനിയില്‍ പോയി ഉപരിപഠനം നടത്തിയ അദ്ദേഹത്തിന്റെ വിഷയം
  ഇസ്ലാമിക്‌ ഫിലോസഫിയായിരുന്നു. ഏത്‌ ഭൌതികവാദിയും അദ്ധേഹത്തിന്റെ ദൈവ ശാസ്ത്രത്തിനു
  മുന്നില്‍ മുട്ടു മടക്കും. പാശ്ചാത്യ വേഷമായിരുന്നെങ്കിലും ക്ലാസ്സില്‍ ഇടക്കിടെ
  അദ്ധേഹം പറയും. അന ഫഖുറുന്‍ ബില്‍ അഷര്‍ (അസ്‌ഹറിന്റെ പേരില്‍ ഞാന്‍ അഭിമാനിക്കുന്നു).
 • ഏറ്റവും ഹൃദ്യമായി തോന്നിയ ഖുര്‍ആന്‍ പാരായണം ആരുടേതാണ്‌ ?
  ഈജിപ്തിലെ അബ്ദുല്‍ ബാസിതിന്റേത്‌ .അതിനു തുല്യമായ ഒരു ശബ്ദം ഇന്നേ വരെ
  കേട്ടിട്ടില്ല. അദ്ധേഹം അന്ധനായിരുന്നു. അദ്ധേഹത്തോടപ്പം പല നമസ്കാരത്തിലും ഞാന്‍
  പങ്കെടുത്തിട്ടുണ്ട്‌. പലപ്പോഴും ബൈതുല്‍ മുഖദ്ധസിലായിരിക്കും അദ്ധേഹത്തിന്റെ
  തറാവീഹ്‌ നമസ്കാരം.
   
 • മക്കയിലെ തറാവീഹിനെ പറ്റി ?ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച ആരാധനായാണത്‌. ഇസ്ലാമിലെ സാഹോദര്യം വിളമ്പരം
  ചെയ്യുന്ന ഹറമിലെ നോമ്പ്‌ തുറയും മറക്കാത്ത അനുഭവമാണ്‌.
 • നോമ്പ്‌ കാലത്തെ ഇഷടപ്പെട്ട ഭക്ഷണം ?
  തരിക്കഞ്ഞിയും ജീരകക്കഞ്ഞിയും
   
 • റമസാന്‍ ഏതു കാലാവസ്ഥയിലാണ്‌ ഇഷ്ടം ?
  തണുപ്പ്‌ കാലത്ത്‌
   
 • റമസാന്‍ 27 രാവില്‍ പ്രത്യേകമായി വല്ലതും ചെയ്യാറൂണ്ടോ ?
  രാത്രി തറാവീഹ്‌ കഴിഞ്ഞ്‌ കുടുംബത്തിന്റെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കും.
   
 • പ്രതി സന്ധികള്‍ വരുമ്പോള്‍ പ്രത്യേക ഖുര്‍ആന്‍ വാക്യങ്ങള്‍ ചെല്ലാറുണ്ടോ ?.
  ഇദാ ജാഅ നസുറുല്ലാഹി എന്ന സൂറത്ത്‌ ഓതും.
   
 • പെരുന്നാള്‍ ദിനത്തില്‍ ഇഷ്ടപ്പെടുന്നത്‌ ?
  കുടുംബ സമ്പര്‍ക്കം. എല്ലാവരും അന്നു വീട്ടില്‍ ഒത്തു ചേരും.
   
 • വിശുദ്ധ മാസത്തില്‍ ജനങ്ങള്‍ക്കൊരു സന്ദേശം ?
  കഠിനമായ തപസ്യയിലൂടെ നേടിയെടുക്കുന്ന വിശുദ്ധി ജീവിതത്തിലുടനീളം മുറുകെ പിടിക്കുക.
  ഇസ്ലാമിന്റെ സല്‍പ്പേരിനു മങ്ങലേല്‍പ്പിക്കുന്ന വാക്കോ പ്രവര്‍ത്തിയോ
  ചെയ്യാതിരിക്കുക.മുസ്ലിംകള്‍ പരസ്പരം മത സൌഹാര്‍ദ്ധത്തില്‍ വര്‍ത്തിക്കുകയും ഇതര
  മതസ്ഥരുടെ കൂടി സുഖ ദുഖ:ങ്ങളില്‍ കൂടി പങ്കാളിയാവുകയും ചെയ്യുക. നല്ലൊരു ലോകത്തിന്റെ
  സൃഷ്ടിക്കായി ഈ വേളയില്‍ അല്ലാഹുവിനോട്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുമായി മലപ്പുറം ഖാസി ഒ. പി .എം സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ നടത്തിയ അഭിമുഖം.(2008 സെപ്റ്റമ്പര്‍ 27 മനോരമ)

About RISHAD KALATHINGAL

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍