Breaking News
Home / Articles / മുഹമ്മദലി ശിഹാബ് തങ്ങള്‍; കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം

മുഹമ്മദലി ശിഹാബ് തങ്ങള്‍; കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം

-ആലങ്കോട് ലീലാകൃഷ്ണന്‍

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു. ഒരിക്കല്‍ പരിചയിക്കാനിടവന്ന ഒരാള്‍ക്കും മരണംവരെ തങ്ങള്‍ എന്ന അനുഭവം മറക്കാന്‍ കഴിഞ്ഞിരുന്നില്ല. തങ്ങള്‍ ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കവിഞ്ഞ് നിരുപാധികമായ ഒരു സ്‌നേഹചൈതന്യം പ്രസരിച്ചിരുന്നു. ഒരുപക്ഷേ അത് അദ്ദേഹം പ്രതിനിധാനം ചെയ്ത സയ്യിദുമാരുടെ ആത്മീയ പാരമ്പര്യമായിരുന്നിരിക്കാം.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ സന്താനപരമ്പരയിലെ ഒരു കണ്ണിയായിട്ടാണ് സത്യവിശ്വാസികള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ടത്. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിങ്ങനെ കേള്‍വിപ്പെട്ട പാണക്കാട് തങ്ങള്‍ പരമ്പരയിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. മൂന്നര ദശാബ്ദത്തിലേറെക്കാലം ‘പാണക്കാട് തങ്ങള്‍’ എന്ന വിശുദ്ധമായ പദവി അദ്ദേഹം പരിപാവനമായിത്തന്നെ നിലനിര്‍ത്തി.
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും ഒരാത്മീയ സാന്ത്വനം നേടാനും വേണ്ടി ദിവസവും ആയിരക്കണക്കിന് മനുഷ്യര്‍ വന്നു കാത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയിരുന്നത് ജീവിത ദുഃഖങ്ങള്‍ക്കൊരു സമാധാനമായി പാണക്കാട് തങ്ങളുടെ ആത്മീയ പരിചരണമായിരുന്നു. ഒരുനാളും വാടിക്കണ്ടിട്ടില്ലാത്ത വിശുദ്ധവശ്യമായൊരു പുഞ്ചിരിയോടെ അതദ്ദേഹം ആവോളം നല്‍കി. സമൂഹത്തിലെ തര്‍ക്കങ്ങളും വിരോധങ്ങളും ഇല്ലാതാക്കാനും ആധികളും ഉത്കണ്ഠകളും ആവലാതികളും പരിഹരിക്കാനും കഴിയുന്നൊരു നീതിയുടെ ആസ്ഥാനമായി കൊടപ്പനക്കല്‍ ഭവനത്തെ ആധുനികകാലത്തും നിലനിര്‍ത്താന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. ചെറിയ ചരിത്രസേവനമായിരുന്നില്ല അത്.
‘പാണക്കാട് തങ്ങള്‍’ എന്ന നിലയില്‍ എണ്ണമറ്റ മഹല്ലുകളുടെ ഖാസിയായും എത്രയെത്രയോ സ്ഥാപനങ്ങളുടെ മേധാവിയായും, യാതൊരാക്ഷേപത്തിനും ഇട നല്‍കാത്തവിധം മുഹമ്മദലി ശിഹാബ് തങ്ങള്‍ സമുദായ രംഗത്തും പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയിലിരുന്നപ്പോഴും തന്റെ വെളുത്ത വസ്ത്രത്തില്‍ ഒരിറ്റു കറുത്ത ചെളിപോലും തെറിച്ചുവീഴാത്തവിധത്തില്‍ ദശാബ്ദങ്ങള്‍ അദ്ദേഹം നേതൃത്വശേഷി തെളിയിച്ചു. മുസ്‌ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും ആദരണീയനായി ആയുഷ്‌കാലമത്രയും വിശ്വാസ്യമായ പൊതുജീവിതം നയിച്ചു. എല്ലാ അര്‍ത്ഥത്തിലും ഒരു മഹാവിസ്മയമായിരുന്നു ആ ജീവിതം.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നു നിസ്സംശയം പറയാം. അദ്ദേഹവുമായി അടുത്തിടപഴകുവാന്‍ എനിക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. മിക്കവാറും മലബാറിലെ ചില മതസൗഹാര്‍ദ്ദ വേദികളിലായിരുന്നു. മുസ്‌ലിംലീഗ് മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച ചില സാംസ്‌കാരിക വേദികളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാള്‍ അത്ര ഗൗരവത്തില്‍ പരിഗണിക്കേണ്ടതില്ലാത്ത എന്നെപ്പോലുള്ള ഒരെളിയ സാംസ്‌കാരിക പ്രവര്‍ത്തകന്റെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹം ഇരുന്നുതന്നിട്ടുള്ള സന്ദര്‍ഭങ്ങളും ഓര്‍ത്തുപോവുന്നു. എന്റെ ജീവിതത്തില്‍ കൈവന്ന ഏറ്റവും വലിയ അംഗീകാരത്തിന്റെ നിമിഷങ്ങളായി അതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
ഒരിക്കല്‍ മലപ്പുറത്തൊരു പരിപാടി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും ഞങ്ങള്‍ക്കൊന്നിച്ച് ഒരു പരിപാടിയില്‍ സംബന്ധിക്കേണ്ടതുണ്ടായിരുന്നു. വഴിയില്‍ തങ്ങളുടെ വാഹനം മറ്റേതോ വഴിക്കു തിരിഞ്ഞുപോയി. വഴി തെറ്റിപ്പോയതാണോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ കൂടെയുള്ള സുഹൃത്ത് പറഞ്ഞു: ‘അല്ലല്ല. തങ്ങള്‍ വരും. രാവിലെ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ തങ്ങള്‍ക്കെന്തോ സമ്മാനം കിട്ടിയിട്ടുണ്ട്. അത് ഏതോ യത്തീമിന്റെ കല്യാണവീട്ടില്‍ കൊടുക്കാന്‍ പോയതാണ്’. അതെനിക്കൊരു പുതിയ അറിവായിരുന്നു. പിന്നീട് പലരും പറഞ്ഞു. തങ്ങള്‍ക്ക് ആര് എന്തുകൊടുത്താലും ഏതെങ്കിലും അഗതിക്കോ അനാഥക്കോ അത് കിട്ടും. കാരുണ്യവും ദയയും സ്‌നേഹവും സമൂഹത്തില്‍ വിതരണം ചെയ്യുവാനുള്ള വിശ്വാസ്യതയുള്ള ഒരു മഹാമാനുഷികതയുടെ പാലമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന് ഒന്നും വേണ്ടായിരുന്നു. പണമോ, പ്രശസ്തിയോ, പദവിയോ, പുരസ്‌കാരമോ ഒന്നും. അതുതന്നെയായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ എല്ലാ പദവികളുടെയും ബഹുമതികളുടെയും രഹസ്യം. സ്വയം പൂജ്യമായിത്തീരാന്‍ കഴിയുന്ന ബലവത്തായ വിനയം എവിടെയും ‘പൂജ്യ’ (ആദരണീയം) മായിത്തീരുമെന്നാണ് മഹാത്മജി പറഞ്ഞത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അത് അക്ഷരംപ്രതി അന്വര്‍ത്ഥമായിരുന്നു. അധികാരം ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും അധികാരം നല്‍കരുതെന്ന നബിവചനവും മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്തായിരുന്നു. ഒന്നും ആഗ്രഹിക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിന് എല്ലാം ലഭിച്ചത്. അതൊക്കെയും പരിപൂര്‍ണ നീതിബോധത്തോടുകൂടി എല്ലാവര്‍ക്കും പ്രയോജനപ്പെടുമാറുപയോഗപ്പെടുത്തിക്കൊണ്ട് നിഷ്‌കാമകര്‍മ്മ ജീവിതം നയിച്ച് നിസ്വനായി അദ്ദേഹം തിരിച്ചുപോയി.
വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചതുപോലെ ദൈവത്തിന്റെ ഖലീഫയായി ജീവിച്ചുതീര്‍ത്ത ഒരു മഹല്‍ മാതൃകയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ ജന്മം. ഒരു മനുഷ്യന്റെ സല്‍ക്കര്‍മ്മങ്ങളും സന്തതിപരമ്പരകളും മാത്രമേ അവനുശേഷം ഭൂമുഖത്ത് ബാക്കിയാവുകയുള്ളൂ എന്ന ഇസ്‌ലാമിക വീക്ഷണത്തിന്റെ പ്രത്യക്ഷോദാഹരണമാണ് തങ്ങളുടെ ജീവിതം. ജന്മനിയോഗം പൂര്‍ത്തിയാക്കി മറഞ്ഞുപോയെങ്കിലും ആ മഹാത്മാവ് നമുക്കിടയില്‍ പ്രക്ഷേപിച്ച നന്മകളുടെ വെളിച്ചം ഇനിയും തലമുറകള്‍ക്ക് വഴി കാണിക്കും. അത്രമാത്രം ബലവത്തായിരുന്നു ആ സല്‍ക്കര്‍മ്മങ്ങള്‍.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏറ്റവും മഹത്തായ രാഷ്ട്രസേവനം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് അദ്ദേഹം തന്റെ സമുദായത്തിന് നല്‍കിയ സംയമനത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. സഹസ്രാബ്ദങ്ങളായി നിലനിന്ന ഇന്ത്യന്‍ മതേതര മഹാ പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അത്യുന്നത ഗോപുരങ്ങളാണ് ബാബരി മസ്ജിദിന്റെ മിനാരങ്ങളോടൊപ്പം തകര്‍ന്നുവീണത്. അതില്‍ ഹൃദയം നൊന്തു മുറിഞ്ഞെഴുന്നേറ്റ ഒരു വലിയ സമുദായത്തിന്റെ അമര്‍ഷം ഒരുപക്ഷേ വലിയ രക്തച്ചൊരിച്ചിലുകളായും കലാപങ്ങളായും ഇന്ത്യയെയൊന്നാകെ ചുടലക്കളമാക്കി മാറ്റിയേനെ. അവിടെയാണ് ആര്‍ത്തിരമ്പിവരുന്ന സമുദ്രങ്ങളെ മഹാസ്‌നേഹം കൊണ്ട് തടയുന്ന വിശിഷ്ട സാഹോദര്യത്തിന്റെ കുലപര്‍വ്വതം പോലെ ശിഹാബ് തങ്ങള്‍ നിന്നത്. പ്രവാചകനായി അംഗീകരിക്കില്ലെന്നു ശഠിച്ച ദുഷ്ടശക്തികള്‍ക്ക് മുന്നില്‍ ‘ആമിനാബീവി മകന്‍ മുഹമ്മദ്’ എന്നെഴുതി സന്ധി ചെയ്ത അന്ത്യപ്രവാചകന്റെ വിശുദ്ധ സഹിഷ്ണുതയുടെ പാഠമാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആധുനിക കാലത്തിന് കാണിച്ചുതന്നത്. അതൊരു ചെറിയ മാതൃകയല്ല. അത്ര മഹാന്മാര്‍ക്കേ മനുഷ്യ സ്‌നേഹത്തില്‍ നിന്നും ദൈവവിശ്വാസത്തില്‍ നിന്നും ഇത്ര വലിയ ചരിത്ര മാതൃകകള്‍ സ്വജീവിതം കൊണ്ട് സൃഷ്ടിക്കുവാന്‍ സാധിക്കൂ.
വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ആളുകളെ വികാരം കൊള്ളിച്ചിളക്കിവിടാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ, മുറിവേറ്റിളകിവരുന്ന വിശ്വാസ രോഷത്തിന്റെ കടലുകളെ ഒരു ശാന്തിദൂതനെപ്പോലെ, കാരുണ്യത്താലാര്‍ദ്രമായ കടാക്ഷം കൊണ്ട് തടഞ്ഞുനിര്‍ത്തുവാന്‍ മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള ഒരു ക്ഷമാമൂര്‍ത്തിക്കേ കഴിയൂ. അത്രമാത്രം നീതിമാനും ‘അല്‍ അമീനും’ ആയതുകൊണ്ടാണ് ഒരു സമുദായം ആ സംയമനത്തിന്റെ സന്ദേശം അനുസരിച്ചുപോയത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ് എട്ടാണ്ടുകള്‍ പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ കലുഷമായ വര്‍ത്തമാനത്തിലേക്ക് നോക്കുമ്പോള്‍ അത്രമേല്‍ തണലും സ്‌നേഹവും തന്ന മഹാവൃക്ഷങ്ങളൊന്നും മുന്നിലില്ലല്ലോ എന്ന ശൂന്യത മനസ്സിനെ വിഹ്വലമാക്കുന്നു. എങ്കിലും, മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അങ്ങു മറഞ്ഞാലും മറയുന്നില്ലല്ലോ അങ്ങയുടെ മുഖത്തെ ആ തൂമന്ദഹാസം. കളങ്കമറ്റ ആ നിത്യസ്‌നേഹത്തിന്റെ പുഞ്ചിരി തലമുറകള്‍ക്ക് പ്രത്യാശയും നാടിന് നന്മയും നല്‍കാതിരിക്കില്ല എന്നു സമാധാനിക്കട്ടെ!
#Chandrika

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍