Breaking News
Home / Articles / സ്നേഹമായിരുന്നു തങ്ങളുടെ വലിയ നിധി

സ്നേഹമായിരുന്നു തങ്ങളുടെ വലിയ നിധി

സ്നേഹമായിരുന്നു തങ്ങളുടെ വലിയ നിധിയെന്ന് വിലയിരുത്തുന്നു, നോവലിസ്റ്റ് സി.രാധാകൃഷ്‌ണൻ

ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നു

പുതിയ തലമുറയിലെ കുട്ടികൾക്ക് ഇനി നമുക്ക് ഒരു കഥ പറഞ്ഞുകൊടുക്കാം. ഇവിടെ, പാണക്കാട് ദേശത്ത്, കൊടപ്പനക്കുന്നിൽ ഒരു തങ്ങളുപ്പാപ്പ ഉണ്ടായിരുന്നു. സിദ്ധനായിരുന്നു. സ്നേഹമായിരുന്നു സിദ്ധി.

ഈ ഭൂമിയിൽ ആർകെങ്കിലും നല്ലതല്ലാതെ എന്തെങ്കിലും വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. തനിക്കുമാത്രമായി എന്തെങ്കിലും ഉണ്ടാക്കാൻ പ്രയത്നിച്ചില്ല. സഹായം ചോദിച്ചുചെന്ന ആരെയും വെറുംകൈയ്യോടെ തിരിച്ചയച്ചില്ല. പഠിക്കാനും വളരാനും ആഗ്രഹിച്ച എല്ലാവര്ക്കും പിടിക്കാനൊരു കൈ നീട്ടി. ക്ഷമ ഒരിക്കലും കൈ വിടാതെ ജീവിച്ച അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നു ഇത്. വാശിപിടിച്ചോ ശുണ്ഠിയെടുത്തതോ അദ്ദേഹത്തെ കണ്ടവരില്ല.

എല്ലാ മതങ്ങളുമെന്നപോലെ തന്റെ മതവും നൽകുന്ന ഏറ്റവും വലിയ വാഗ്ദാനം ശാന്തിയും സമാധാനവുമാണെന്ന നേര് ജന്മനാ തിരിച്ചറിഞ്ഞു. സ്വയവും മറ്റുള്ളവരെയും ഏറിയിക്കാനുള്ളതല്ല മത വികാരം എന്ന തീയെന്നും സ്നേഹത്തിന്റെ അപ്പം ചുട്ടെടുക്കാനാണ് അത് ഉപയോഗിക്കേണ്ടതെന്നും ഉറച്ചു. സാമാന്യജനത്തിന്റെ മത ബോധം പരസ്പര വിദ്വേഷമായി ആളിപ്പടരുമായിരുന്ന സാഹചര്യങ്ങളിൽ ഒരു പുഞ്ചിരിപ്പൂവുമായി പൊതുവേദിയിൽ അദ്ദേഹം കൈയുയർത്തി വിലക്കി നിന്നു. എത്ര വിലപ്പെട്ട ജീവനും സ്വത്തുമാണ് അത്കൊണ്ട് നഷ്ടമാവാതെ കഴിഞ്ഞത് എന്ന കണക്കെടുക്കാൻ ലോകാവസാനം വരെ സമയമുണ്ട്.

തന്റെ വാക്കുകൾ ചെവിക്കൊള്ളാൻ തയ്യാറുള്ളവർ ഏതുവഴിയിലൂടെ എവിടേക്കാണ് നയിക്കേണ്ടതെന്ന് കൃത്യമായി അറിവുള്ള ഒരാൾ കൂടിയായിരുന്നു ഇത്. തെളിവ് വേണമെങ്കിൽ ചുറ്റും നോക്കുക. ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യം നിലവിൽ വരും മുമ്പുള്ള ചുറ്റുപാടുകളും ഇന്നുള്ളതുമായി തട്ടിച്ചു നോക്കുക. അക്ഷരവും ആലംബവുമില്ലാതിരുന്ന സമൂഹത്തെ ആധുനികവും സമ്പന്നവുമാക്കിയിരിക്കുന്നു.

പക്ഷെ താൻ എന്തെങ്കിലും വലിയ കാര്യം ചെയ്യുന്നുവെന്ന ഒരു വാക്കോ നോക്കൂ അദ്ദേഹത്തിൽനിന്നുണ്ടായില്ല. അധികാരത്തിന്റെ ഒരു കസേരയിലും ഒരു ദിവസവും ഇരുന്നില്ല.
തന്നെ തേടിവരുന്ന ആർക്കും ആരുമായും വലിപ്പച്ചെറുപ്പം കല്പിച്ചില്ല. ആരിൽ നിന്നും പ്രതിഫലമായി ഒന്നും പ്രതീക്ഷിച്ചില്ല. ഒരു മനുഷ്യൻ വേദപുസ്തകത്തിൻപടി അക്ഷരാർത്ഥത്തിൽ എങ്ങനെ വേണമോ ഇരിക്കാനും നടക്കാനും അങ്ങനെയായിരുന്നു അദ്ദേഹം. അതുകൊണ്ടദ്ദേഹം മറ്റെല്ലാറ്റിലുമുപരി എക്കാലത്തേക്കുമുള്ള മാതൃകയാണ് ആയിരിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇനി നമുക്ക് ഈ കഥ പറഞ്ഞുകൊടുക്കാം. ഇവിടെ, പാണക്കാട് ദേശത്ത്, കൊടപ്പനക്കുന്നിൽ.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍