Breaking News
Home / Articles / നേതാവും വഴികാട്ടിയും പിന്നെ ജ്യേഷഠനും

നേതാവും വഴികാട്ടിയും പിന്നെ ജ്യേഷഠനും

– Sayyid hyderali Shihab Thangal
ഇക്കാക്ക എനിക്കാരായിരുന്നു. അങ്ങിനെ ചിന്തിക്കേണ്ട അവസരം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാലിപ്പോള്‍ മനസ്സ് അത്തരം ചിന്തകളില്‍ നീറുകയാണ്. മുത്തുകാക്കയുടെ വേര്‍പ്പാടിന് പിറകെ വല്ല്യകാക്കയും പോയപ്പോഴാണ് മൂന്നര പതിറ്റാണ്ട് മുമ്പ് പിതാവിന്റെ വേര്‍പാടുണ്ടാക്കിയ വിടവിന്റെ ആഴം മനസ്സിലായത്. 
സത്യത്തില്‍ എനിക്കാരായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും മതസാമൂഹ്യ രംഗത്തെ സജീവ സാനിധ്യവുമായി നിറഞ്ഞ്‌നിന്ന മുഹമ്മദലി ശിഹ്ാബ് തങ്ങള്‍. വഴികാട്ടിയോ, ഉപദേശ നിര്‍ദേശങ്ങള്‍ തരുന്ന നല്ല സഹൃദയനോ, ജില്ലാ പ്രസിഡന്റായിരുന്ന എന്റെ നേതാവോ. സത്യത്തില്‍ ഇതെല്ലാമായിരുന്നില്ലേ എനിക്കെന്റെ എന്റെ ഇക്കാക്ക.

മുത്തുകാക്കയും പിറകെ വല്ല്യകാക്കയും പോയപ്പോള്‍ അവര്‍ വഹിച്ച സ്ഥാനങ്ങളില്‍ ഏറിയ പങ്കും ഏറ്റെടുക്കാനുള്ള നയോഗം എനിക്കായിരുന്നല്ലോ. പിതാവിന്റെ വേര്‍പാടിനെതുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഇക്കാക്ക വീട്ടില്‍ കതകടച്ച് ആലോചനയില്‍ മുഴുകിയതും ആ സ്ഥാനത്തിന്റെ ഭാരമോര്‍ത്ത് കണ്ണീര്‍ വാര്‍ത്തതും എല്ലാവര്‍ക്കും അറിയാം. ഏറെക്കുറെ അതിന് സമാനമായ അവസ്ഥലാണ് ഞാനിപ്പോള്‍. ബാഫഖി തങ്ങളും എന്റെ പിതാവ് പൂക്കോയതങ്ങളുമൊക്കെ കാത്ത ആ പദവിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ ഇക്കാക്കക്കായി. ആ സാനിധ്യത്തിന്റെ തണലില്‍ എല്ലാം കണ്ടും കേട്ടും വളര്‍ന്ന എനിക്ക് ഒരു കാര്യം ഉറപ്പിച്ചുപറയാനാവും. ചുറ്റുമുള്ളവര്‍ക്കെല്ലാം സ്‌നേഹവും വിശുദ്ധിയുമുള്ള ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ചാണ് എന്റെ ഇക്കാക്ക വിടപറഞ്ഞത്. ചെറുപ്പത്തില്‍ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു ഇക്കാക്ക. പാണക്കാട് സ്‌കൂളിലാണ് അന്ന് ഞാന്‍ പഠിച്ചിരുന്നത്. ഇക്കാക്ക ദര്‍സില്‍ പോയിരുന്ന കാലത്ത് സഹപാഠികള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. അവരുമായുള്ള കളിയും ചിരിയുമെല്ലാം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഗഹാതുരത്വം തോന്നുന്നു. ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിലും മറ്റും ഇക്കാക്ക് അന്നേ അതിയായ താല്‍പര്യമായിരുന്നു. ഇടക്കെല്ലാം അവയെ ഓമനിക്കുന്നത് കാണാമായിരുന്നു. 

പിന്നീട് ഈജിപ്തിലേക്ക് പഠിക്കാന്‍ പോയതോടെ ദീര്‍ഘനാള്‍ കാണാന്‍ പറ്റാതെയായി. അന്നെല്ലാം തറവാട്ടില്‍ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്നു. ഈജിപ്തില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന ടേപ്പ് റെക്കോര്‍ഡര്‍ കാണാനും അതില്‍ നിന്ന് പാട്ടു കേള്‍ക്കാനുമായി നിരവധി ആളുകള്‍ വരും. ആദ്യമായി ടേപ്പ് റിക്കാര്‍ഡര്‍ കാണുന്ന പലര്‍ക്കും അതൊരു അത്ഭുതമായിരുന്നു; എനിക്കും. വസ്ത്രത്തിലും ഉപചാരങ്ങളിലും മര്യാദയും വൃത്തിയുമുാവണമെന്നത് ഇക്കാക്ക് നിര്‍ബന്ധമായിരുന്നു. എന്റെ വസ്ത്രധാരണയിലും സംസാരത്തിലും പാളിച്ചകള്‍ വരാതിരിക്കണമെന്ന് പലപ്പോഴും ഉപദേശിക്കാറുായിരുന്നു. വേദനിക്കുമ്പോഴും പുഞ്ചിരിക്കുക, വായന ശീലമാക്കുക, മറ്റുള്ളവരുടെ വേദനകള്‍ പരിഹരിക്കുക, സാധാരണക്കാരുമായി ഏറെ നേരം ചെലവഴിക്കുക എന്നീ കാര്യങ്ങളാണ് ഇക്കാക്കയില്‍ നിന്ന് പഠിച്ചെടുക്കാന്‍ ശ്രമിച്ച ഗുണങ്ങള്‍. കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു. ആരെങ്കിലും തെറ്റു ചെയ്യുന്നതു കണ്ടാല്‍ ഉടന്‍ തിരുത്തും.

യാത്രകളായിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു കാര്യം. ദുബായിലേക്ക് അദ്ദേഹത്തിന്റെ കൂടെ ഒരുമിച്ചു നടത്തിയ യാത്ര ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്നു. ജില്ലാ പ്രസിഡന്റായി അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ആ രാഷ്ട്രീയ നിരീക്ഷണം അല്‍ഭുതത്തോടെ നോക്കിനി്ന്നിട്ടുണ്ട്. ലീഗിന്റെ ജീല്ലാ പ്രസിഡ് എന്ന നിലയില്‍ പാര്‍ട്ടി കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യുമായിരുന്നു. ഉത്തരവാദിത്തത്തോടെ എല്ലാം ചെയ്യണമെന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തും.

ഏത് ചെറിയ കാര്യവും ചോദിച്ചറിയാനും രാഷ്ട്രീയ സാമൂഹ്യ ചലനങ്ങള്‍ നിരീക്ഷിക്കാനും അദ്ദേഹം സദാജാഗ്രത പാലിച്ചിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനവും മാറാട് കലാപം സംഭവിച്ച സന്ധ്യയും അദ്ദേഹവുമായി ഏറെനേരം അതേക്കുറിച്ച് സംസാരിക്കാനും വിശകലനം നടത്താനും ലഭിച്ച അവസരത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞത് ഒന്നുമാത്രമായിരുന്നു. ഇതിന്റെ പേരില്‍ ഇനിയും ചോരചിന്തരുത്. കഷ്ടതകളും നഷ്ടങ്ങളും പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന ചിന്തയിലായിരുന്നു ആ സംഘര്‍ഷ ദിനങ്ങളില്‍ ഉറച്ചുനിന്നത്. ഈജിപ്തില്‍ വെച്ച് സൂഫിസത്തിന്റെ വലിയ ഗുരുക്കന്മാരുമായി അദ്ദേഹത്തിന് ബന്ധപ്പെടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. വല്ല്യകാക്കക്ക് ഈ മേഖലയിലുണ്ടായിരുന്ന ജ്ഞാനം പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. അദ്ദേഹം മേരിക്കയില്‍ ചികിത്സയിലിരിക്കെ ഭാര്യ മരിക്കുന്നു. മടങ്ങിയെത്തി വീട്ടില്‍ കയറിയ അദ്ദേഹത്തോട് മുത്തുകാക്ക(ഉമറലി ശിഹാബ് തങ്ങള്‍) കാര്യം പറയുന്നു. സമചിത്തതയോടെ ഇതോട് പ്രതികരിച്ചതും ദുഃഖം ഉളളിലൊതുക്കി പാര്‍ത്ഥനാ നിര്‍ഭരനായതും ഞങ്ങളെയെല്ലാം അല്‍ഭുതപ്പെടുത്തി.

എന്ത് തീരുമാനമെടുക്കുമ്പോഴും മതത്തിനെതിരാവാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. നിലപാടുകള്‍ക്കെതിരെ നിഷേധികളും ശത്രുക്കളും പറഞ്ഞുപരത്തുന്ന ആരോപണങ്ങള്‍ക്ക് മുമ്പില്‍ മുട്ട് മടക്കാനോ താല്‍ക്കാലിക നേട്ടത്തിനായി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാനോ ഒരുക്കമല്ലായിരുന്നു. അന്തിമ വിജയം സത്യത്തിനാണെന്ന ഉറച്ച വിശ്വാസത്തെ അദ്ദേഹം മുറുകെപ്പിടിച്ചു. ഞങ്ങളെ വിട്ടുപോകുന്ന അന്ന് അസുഖമാണെന്ന വിവരമറിഞ്ഞ് മലപ്പുറം കോട്ടപടിയിലെ ആസ്പത്രിയില്‍ ഞാന്‍ പോയിരുന്നു. അപ്പോള്‍ മഗ്‌രിബ് നമസ്‌കരിക്കുകയായിരുന്നു. നമസ്‌കാരം കഴിഞ്ഞ് അല്‍പനേരം സംസാരിച്ചു. ഇപ്പോള്‍ പ്രത്യേകിച്ചൊന്നുമില്ലെന്നു പറഞ്ഞു. ഇക്കാന്റെ ഭാര്യയുടെ ആങ്ങള മരിച്ചിടത്ത് പോകാനും നിര്‍ദ്ദേശിച്ചു. ഞങ്ങളെ വിട്ട് പോയി എന്നാണ് പിന്നീട് വിവരമറിയുന്നത്. എന്റെ ജീവിതത്തിലെ ഗുരുവും വഴികാട്ടിയും ഇല്ലാതായി. എങ്കിലും അദ്ദേഹം അവശേഷിപ്പിച്ച സ്‌നേഹം തുളുമ്പുന്ന ഓര്‍മ്മകള്‍ കരുത്തായി കൂടെയുണ്ടാകുമെന്നു ഉറപ്പുണ്ട്.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍